കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികർക്ക് വീരമൃത്യു

ഡൽഹി: ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. 15 സൈനികര്‍ക്ക് പരിക്കേറ്റു. സൈന്യം ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരില്‍ ചിലരുടെ നില ഗുരുതരമാണ്.
പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടര്‍ന്നാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. സൈനിക ക്യാമ്പിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സൈന്യം നടത്തിയ വെടിവെയ്പിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെടുന്നത്. ഫ്രിസാല്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.