പനീർശെൽവം എന്ന മുഖ്യമന്ത്രിയെയാണു ഞങ്ങൾ പിന്തുണച്ചത്: സ്റ്റാലിൻ

ചെന്നൈ: അണ്ണാ ഡി എം കെ അംഗമായ പനീർശെൽവത്തിനെയല്ല, തമിഴരുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്ന പനീർശെൽവം എന്ന മുഖ്യമന്ത്രിയെയാണു പിന്തുണയ്ക്കുന്നതെന്നു ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ. ദ ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖത്തിലാണു സ്റ്റാലിൻ സമീപകാല തമിഴ് നാട് രാഷ്ട്രീയത്തിനെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയതു.
ജല്ലിക്കട്ട് പോലെയുള്ള വിഷയങ്ങളിൽ ഡി എം കെ പനീർശെൽവത്തിന്റെ ഒപ്പം നിന്നു. പക്ഷേ, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടു ഞങ്ങൾ നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നതിനെ അദ്ദേഹം തടഞ്ഞു. അണ്ണാ ഡി എം കെയുടെ ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും വർദ്ധിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. പനീർശെൽ വം ആയാലും ശശികല ആയാലും, തമിഴ് നാട്ടിലെ ജനങ്ങൾക്കു അണ്ണാ ഡി എം കെയുടെ ഭരണം കൊണ്ടു നേട്ടം ഒന്നുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ തീരുമാനമെടുക്കാൻ ഗവർണർക്കു സാവകാശം എടുക്കാമെന്നും എന്നാൽ കാലതാമസം ഭരണസ്തംഭനം ഉണ്ടാക്കുമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ കുതിരക്കച്ചവടത്തിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാട് രാഷ്ട്രീയത്തിൽ ബിജെപിയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ മറുപടി സ്റ്റാലിൻ പറഞ്ഞില്ല. പനീർശെൽ വത്തിന്റെ രാജി സ്വീകരിക്കാൻ കാണിച്ച തിടുക്കം മറ്റു ബദലുകൾ കണ്ടെത്തുന്നതിൽ ഗവർണർ കാണിച്ചില്ലെന്നു മാത്രം അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ സമീപനം സംസ്ഥാനത്തു അസ്ഥിരതയുണ്ടാക്കുമെന്നു ഡി എം കെ വിമർശിക്കുന്നെന്നു മാത്രം സ്റ്റാലിൻ പറഞ്ഞു.