സ്ഥാനമാറ്റത്തിൽ സ്‌മൃതി ഇറാനിക്ക് അതൃപ്തിയെന്ന് സൂചന


ഡൽഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മാനവശേഷി വികസനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയ മന്ത്രി സ്‌മൃതി ഇറാനിക്ക് അതൃപ്തിയെന്ന് സൂചന. ജയന്ത് സിന്‍ഹയെ ധനമന്ത്രാലയത്തില്‍ നിന്ന് മാറ്റിയതില്‍ എല്‍കെ അദ്വാനി ക്യാംപിലും അതൃപ്തി പുകയുകയാണ്. വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകാന്‍ പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്കി.പല മുതിര്‍ന്ന നേതാക്കളെയും മറികടന്നാണ് സ്‌മൃതി ഇറാനി മാനവശേഷി വികസന മന്ത്രാലയത്തില്‍ എത്തിയത്. ബോംബെ ഐഐടി ചെയര്‍മാന്‍ അനില്‍ കാക്കോദ്കറുമായുള്ള അഭിപ്രായ വ്യത്യാസമാണ് ആദ്യം ഉയര്‍ന്ന വിവാദം. പിന്നീട് രോഹിത് വെമുലയുടെ ആത്മഹത്യയും, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ അറസ്റ്റും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി.
ധനമന്ത്രാലയത്തില്‍ നിന്ന് ജയന്ത് സിന്‍ഹയെ മാറ്റിയതും അപ്രതീക്ഷിതമായിരുന്നു. എല്‍ കെ അദ്വാനിക്കൊപ്പം ചേര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ യശ്വന്ത് സിന്‍ഹ പ്രസ്താവന ഇറക്കിയതിലുള്ള അതൃപ്തിയാണ് പ്രകടമാക്കിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. പുതിയ മന്ത്രിമാരുമായി ഇന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്കി. മന്ത്രിമാര്‍ അവരുടെ വകുപ്പിനെക്കുറിച്ച് വിശദമായി പഠിക്കണം എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടു വച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed