തട്ടികൊണ്ട് പോകൽ കേസ്: ആരോപണവിധേയനായ ഡിവൈഎസ്‌പി തൂങ്ങിമരിച്ച നിലയില്‍

ബംഗലൂരു: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ ആരോപണവിധേയനായ കര്‍ണാടകത്തിലെ ചികമംഗ്ലൂര്‍ ഡിവൈഎസ്‌പി കല്ലപ്പ ഹന്ദിബാഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിവൈഎസ്‌പി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ മാസം എട്ടിന് ചിക്കമംഗ്ലൂര്‍ ഡിവൈഎസ്‌പി കല്ലപ്പ ഹന്ദിബാഗിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ മോചന ദ്രവ്യം വാങ്ങി വിട്ടയച്ചതായി പ്രദേശ വാസിയായ തേജസ് ഗൗഡ എന്നയാള്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.ഡിവൈഎസ്‌പിക്കാണ് പണം നല്‍കിയതെന്ന് തേജസ് ഗൗഡയുടെ സുഹൃത്ത് പൊലീസിന് മൊഴിയും നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് സിഐഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെയാണ് ആരോപണ വിധേയനായ ഡിവൈഎസ്‌പിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോകല്‍ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിവൈഎസ്‌പി ചികമംഗ്ലൂര്‍ വിട്ടിരുന്നു. ഇന്നലെ രാത്രി ഭാര്യയും മകനുമായി ഏറെ നേരം കല്ലപ്പ സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കല്ലപ്പയുടെ മൃതദ്ദേഹത്തിനടുത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.