മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കണം: രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ച് രാജ്താക്കറെയുടെ പ്രസ്താവന. പുതുതായി റോഡിലിറക്കിയ മറാത്തികളുടേതല്ലാത്ത വാഹനം കത്തിക്കണമെന്ന് രാജ് താക്കറെ എം.എന്‍.എസ് പ്രവര്‍ത്തകരോട് പറഞ്ഞു. തിളങ്ങുന്ന നമ്പര്‍ പ്ലേറ്റുള്ള ഏതെങ്കിലും ഓട്ടോ നിങ്ങള്‍ കണ്ടാല്‍ യാത്രക്കാരെ പുറത്തിറക്കിയതിന് ശേഷം കത്തിക്കണമെന്നും താക്കറെ ആഹ്വാനം ചെയ്തു. മഹാരാഷ്ട്ര നവ നിര്‍മാണ്‍സേനയുടെ പത്താം വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്വന്തം അണികളോട് അന്യന്റെ മുതല്‍ നശിപ്പിച്ച് ‘മറാത്ത അജണ്ട’ നടപ്പിലാക്കാന്‍ രാജ്താക്കറെ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പുതുതായി 70,000 ഓട്ടോറിക്ഷകള്‍ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും ശിവസേനയും ഓട്ടോറിക്ഷാ നിര്‍മാതാക്കളായ ‘ബജാജ്’ കമ്പനിക്ക് ഒത്താശ നല്‍കുകയാണെന്നും താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് പോയി ബി.ജെ.പി വന്നത് കൊണ്ട് ചിഹ്നം മാത്രമേ മാറിയിട്ടുള്ളൂവെന്നും ഇതില്‍ ഭേതം കോണ്‍ഗ്രസാണെന്നും താക്കറെ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എം.എന്‍.എസ് വന്‍ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ശിവസേനയേക്കാള്‍ വലിയ മറാത്താ വാദം ഉയര്‍ത്തിപ്പിടചിച്ച് നഷടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ രാജ് താക്കറെ ശ്രമിക്കുന്നത്.