ഉമ്മന്‍ചാണ്ടിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടാകാമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പല കത്തുകളും എഴുതിയിട്ടുണ്ടാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവമ്പാടി ഉടമ്പടിയുമായി ബന്ധപ്പെട്ടുള്ള കത്ത് ചര്‍ച്ചയാക്കേണ്ട. തിരുവമ്പാടി ലീഗിന്റെ സീറ്റാണ്. ലീഗിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ സീറ്റിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുമായും യു.ഡി.എഫുമായും ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവമ്പാടി സീറ്റ് വെച്ചുമാറാമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തുവന്നതില്‍ ലീഗിനുള്ള അതൃപ്തി വ്യക്തമാക്കുന്നത് കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നു അറിയിച്ച് കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്ത് പുറത്തു വന്നതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ലീഗ് കടുംപിടുത്തം തുടരുന്നതിനിടെ ഇന്നുരാവിലെയാണ് വിവാദ കത്ത് പുറത്തുവന്നത്. മനോരമ ന്യൂസ് ചാനലാണ് 2011ലെ ഉടമ്പടി കത്ത് ആദ്യം പുറത്തുവിട്ടത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ഉറപ്പുനല്‍കി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്താണ് പുറത്തായത്. 2011 മാര്‍ച്ചിലാണ് സീറ്റുകള്‍ സംബന്ധിച്ചുള്ള നേതാക്കന്‍മാരുടെ ചര്‍ച്ചകള്‍ നടന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, താമരശേരി രൂപതയുടെ പ്രതിനിധി എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഇതില്‍ ഉരുത്തിരിഞ്ഞ ധാരണപ്രകാരമാണ് തിരുവമ്പാടി വിട്ടുകൊടുക്കാമെന്ന് ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയത്. ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി മലയോര വികസന സമിതി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ താമരശേരി രൂപതാ വക്താവ് നേരില്‍കണ്ട് അറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപത പിന്തുണയ്ക്കുന്ന മലയോര വികസന സമിതി സീറ്റിനുവേണ്ടി രംഗത്തു വന്നത്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ് തയാറായില്ല. മാത്രമല്ല തിരുവമ്പാടിയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2011ലെ കത്ത് പുറത്തുവന്നത്.