അറ്റ്‌ലസിന്റെ ജ്വല്ലറിയും ആശുപത്രിയും സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്

ന്യൂ ഡൽഹി: ഏതാണ്ട് 550 കോടിയോളം രൂപ കടബാധ്യതയെ തുടര്‍ന്ന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഗള്‍ഫിലെ ജ്വല്ലറി ശൃംഖലയും നക്ഷത്ര ആശുപത്രിയും സ്വന്തമാക്കാന്‍ മുന്‍ കേന്ദ്ര ധനആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പുത്രന്‍ കാര്‍ത്തി ചിദംബരം ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്.
രാമചന്ദ്രയില്‍ ജയിലില്‍ കഴിയുന്നവേളയില്‍ സഹായിക്കാമെന്ന വ്യാജേനയായിരുന്നു കാര്‍ത്തിയുടെ ഇടപാടെന്ന് ഒരു മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാമചന്ദ്രനുമായി അടുപ്പമുളള ഒരു പഞ്ചാബിയായിരുന്നു ഈ ഇടപാടിലെ ഇടനിലക്കാരനായിരുന്നതെന്നും സൂചനയുണ്ട്. മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട് രാമചന്ദ്രന്‍ ജയിലിലായിരുന്നപ്പോഴായിരുന്നു ഈ ജൂവലറി ഗ്രൂപ്പ് തട്ടിയെടുക്കാനുളള കാര്‍ത്തിയുടെ കരുനീക്കം.
ദുബായില്‍ പന്ത്രണ്ടും അബുദാബിയില്‍ രണ്ടുമടക്കം യുഎഇയിലെ 19 സ്വര്‍ണാഭരണശാലകള്‍ ഏറ്റെടുക്കാമെന്നും കൂടാതെ സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് സഹകരണ യൂണിയന്‍ രാജ്യങ്ങളിലെ 35 അറ്റ്ലസ് ജൂവലറികളില്‍ ഓഹരിപങ്കാളിത്തം വേണമെന്നുമായിരുന്നു കാര്‍ത്തിയുടെ ആവശ്യം.
ഇതിനാവശ്യമായ കോടികള്‍ യുകെയിലെ ഓപ്പണ്‍ ഹിമര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്ബനി, സിംഗപ്പൂരിലെ അഡ്വാന്‍സ് സ്റ്റാറ്റജിക് കണ്‍സള്‍ട്ടന്‍സി എന്നീ കാര്‍ത്തിയുടെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ദുബായിലെ ഡസര്‍ട്ട് ഡ്യൂണ്‍ പ്രോപ്പര്‍ട്ടീസ് വഴി നല്‍കാമെന്ന ധാരണയുമുണ്ടായി എന്ന് യുഎഇയിലെ സ്വര്‍ണാഭരണ ബിസിനസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇടനിലക്കാരനായ പഞ്ചാബിയും ചില അഭിഭാഷകരും ഇക്കാര്യത്തില്‍ ഇടഞ്ഞതോടെയാണ് കാര്‍ത്തിയുടെ അറ്റ്ലസ് ഏറ്റെടുക്കല്‍ പൊളിഞ്ഞതെന്ന്. ഏതാണ്ട് 2000കോടിയോളം രൂപ ഇടപാടിനുവേണ്ടി മുടക്കേണ്ടിവരുമായിരുന്നു. ഇത്രയും കോടികള്‍ നിക്ഷേപിക്കാനുളള കാര്‍ത്തിയുടെ സാമ്ബത്തിക സ്രോതസ് ദുരൂഹമാണ്.