ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ മോദിയെ പ്രോല്‍സാഹിപ്പിച്ചത് താൻ: സുഷമ

ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്ക് സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സുഷമ സ്വരാജ് രംഗത്ത്. പാര്‍ലമെന്റില്‍ രാഹുല്‍ ഇക്കാര്യം പറയുന്ന സമയത്ത് ഞാന്‍ അവിടെ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ ആ സമയത്തു തന്നെ രാഹുലിന് മറുപടി കൊടുക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ ലാഹോര്‍ സന്ദര്‍ശനത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍, രാഹുല്‍ പറഞ്ഞത് ശരിയല്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോദി എപ്പോള്‍ ഫോണ്‍ സംഭാഷണം നടത്തിയാലും അതു കഴിഞ്ഞ ഉടന്‍ എന്റെ അഭിപ്രായം കേള്‍ക്കാനായി അദ്ദേഹം തന്നെ വിളിക്കാറുണ്ടെന്നും സുഷമ പറഞ്ഞു.
ഷെരീഫുമായി കൂടിക്കാഴ്ച നടത്താന്‍ മോദിയെ ഞാന്‍ എപ്പോഴും പ്രോല്‍സാഹിപ്പിക്കുമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു തുടക്കമാകും ലാഹോര്‍ യാത്രയെന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ലാഹോറിലേക്ക് പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മോദി തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍ എത്തിയത് രാജ്യത്തിലെ എല്ലാ ജനങ്ങളും കണ്ടതാണ്. പത്തു മിനിറ്റോളം ഞങ്ങള്‍ അവിടെ നിന്നു സംസാരിച്ചു. ലാഹോര്‍ സന്ദര്‍ശനം രാജ്യത്തെ ജനങ്ങളിലുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ചും താന്‍ അദ്ദേഹത്തോട് പറഞ്ഞതായും സുഷമ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര തന്റെ ക്യാബിനറ്റിലെ മറ്റു മന്ത്രിമാരുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. സുഷമ സ്വരാജിനോട് കൂടിയാലോചിക്കാതെയാണ് ലാഹോര്‍ സന്ദര്‍ശനത്തിന് മോദി തീരുമാനമെടുത്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു