കനയ്യ കുമാര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഇന്ന് ജയില്‍ മോചിതനായേക്കും. ബുധനാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി കനയ്യകുമാറിന് ഇടക്കാല ജാമ്യം നല്‍കിയത്. 10,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. സര്‍വകലാശാല അധ്യാപകര്‍ ജാമ്യം നില്‍ക്കണമെന്നും കനയ്യ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്ക്കെതിരെയുള്ള കേസ്. ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്.
പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണെന്നും രാജ്യദ്രോഹ മുദ്രാവാക്യങ്ങല്‍ വിളിച്ചുവെന്നും പോലീസ് വാദിച്ചു. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാദിച്ചു.
എന്നാല്‍, അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു കനയ്യ കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം.