സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി(60)അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40നു ചെന്നൈയിലാണ് അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മലയാളമുള്‍പ്പെടെ പത്തു ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇദ്ദേഹം 700ല്‍പ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല സംഗീത സംവിധായകരിലൊരാളായ ബി.എ. ചിദംബരനാഥിന്റെ മകനാണ് രാജാമണി. ജോണ്‍സന്റെ സഹായിയായി പ്രവര്‍ത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1985ല്‍ നുള്ളി നോവിക്കാതെയെന്ന ചലച്ചിത്രത്തിലെ 'ഈറന്‍ മേഘങ്ങള്‍' എന്ന ഗാനത്തിന് സംഗീതം നല്‍കിയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തിയത്. താളവട്ടത്തിലെ 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന' എന്ന ഗാനത്തോടെ ചലച്ചിത്രഗാന രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. മഞ്ഞിന്‍ ചിറകുള്ള (സ്വാഗതം), നന്ദ കിഷോരാ (ഏകലവ്യന്‍). ജപമായ് (പുന്നാരം), മഞ്ഞുകൂട്ടികള്‍ (വെല്‍കം ടു കൊടൈകനാല്‍) എന്നിവ ശ്രദ്ധേയ ഗാനങ്ങളാണ്. 2012ല്‍ പുറത്തിറങ്ങിയ ഹൈഡ് ആന്‍ഡ് സീക്ക് എന്ന ചലച്ചിത്രം വരെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1997ല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.