ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷുറന്‍സ് രേഖകൾ ഡിജിറ്റല്‍ രൂപത്തിലേക്ക്

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷുറന്‍സ് രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക്. നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് രേഖകള്‍ സൂക്ഷിക്കണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. വൈകാതെ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപത്തിലുള്ള ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടത്. ‘ഇ വഹന്‍ ബീമ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തെലങ്കാനയില്‍ ആരംഭിച്ചു. വൈകാതെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കും.
കടലാസ് രൂപത്തിലുള്ള ഇന്‍ഷുറന്‍സ് രേഖകള്‍ക്കു പകരം വാഹന ഉടമകള്‍ക്ക് ‘ക്യൂആര്‍’ എന്ന ഡിജിറ്റല്‍ കോഡായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുക. ബാര്‍കോഡ് രൂപത്തിലുള്ള ഈ കോഡില്‍ പോളിസി വിവരം അടങ്ങിയിരിക്കും. വാഹനപരിശോധനക്കത്തെുന്ന ട്രാഫിക് പൊലീസിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ ഇക്കാര്യം പരിശോധിക്കാം. വ്യാജ പോളിസിയാണോ എന്ന് ഉറപ്പുവരുത്താനും സാധിക്കും.
വാഹനങ്ങള്‍ വാങ്ങുന്ന സമയത്തോ പുതുക്കുമ്പോഴോ ഡിജിറ്റല്‍ പോളിസി വിവരങ്ങള്‍ ഇ-മെയിലായോ എസ്.എം.എസ് ആയോ ഉടമക്ക് അയക്കും. രേഖകള്‍ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ടും ഇല്ലാതാകുമെന്ന് ഐ.സി.ഐ.സി.ഐ ലൊമ്പാഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ചീഫ് സഞ്ജയ് ദത്ത പറഞ്ഞു. പോളിസി പുതുക്കുന്ന വേളകളില്‍ രസീത് നല്‍കുന്നതിനും മറ്റുമായി വരുന്ന ചെലവും ഇതോടെ ഇല്ലാതാകും.