മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചില്ല : കമിതാക്കൾ കിണറ്റിൽ ചാടി, പെൺകുട്ടി രക്ഷപ്പെട്ടു

ശ്രീലങ്ക: മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും ചേർന്ന് കിണറ്റിൽ ചാടുകയായിരുന്നു. പെൺകുട്ടി രക്ഷപ്പെട്ടു. എസ്. കുമാർ (19), യോഗരസ അനുഷിയ(21) തുടങ്ങിയവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പെൺകുട്ടിയേക്കാൾ 2 വയസ്സ് ഇളയതായ ആൺകുട്ടിയെ വിവാഹം ചെയ്യുന്നതിനെ അനുഷിയുടെ വീട്ടുകാർ എതിർത്തു. ഇതിനെത്തുടർന്ന് ഇരുവരും വീട് വിട്ടിറങ്ങി ഒന്നിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് കിണറ്റിൽ ചാടുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതിനെ തുടർന്ന് കുമാർ മരിച്ചു. എന്നാൽ കിണറ്റിൽ ഉണ്ടായിരുന്ന ഒരു പൈപ്പ് ലൈനിൽ തൂങ്ങി പെൺകുട്ടി രക്ഷപ്പെട്ടു. അയൽവാസികളാണ് കിണറിനരികിൽ ഇരുവരും നിൽക്കുന്ന കാര്യം വീട്ടുകാരെ അറിയിച്ചത്. അറിഞ്ഞയുടനെ അവരെ രക്ഷിക്കുന്നതിനായി ഇരുവരുടെയും മാതാപിതാക്കൾ ശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.