ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ ഈ മാസം 20ന് വിക്ഷേപിക്കും



ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാം ഉപഗ്രഹമായ ‘ഐ.ആര്‍.എന്‍.എസ്.എസ് -1 ഇ’ ഈ മാസം 20ന് വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് രാവിലെ 9.31നാണ് വിക്ഷേപണം. പി.എസ്.എല്‍.വി-31 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലത്തെിക്കും. പി.എസ്.എല്‍.വിയുടെ 33ാമത് വിക്ഷേപണമാകും ഐ.ആര്‍.എന്‍.എസ്.എസ് -1ഇയുടെത്.

ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ നാലെണ്ണം വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചിട്ടുണ്ട്. നാവിഗേഷന്‍ പെലോയിഡ്, റേഞ്ചിങ് പെലോയിഡ് എന്നിവയാണ് ഐ.ആര്‍.എന്‍.എസ്.എസ് -1ഇയുടെ പ്രധാന ഭാഗങ്ങള്‍. നാവിഗേഷന്‍ പെലോയിഡ് ഉപയോക്താവിന് ഗതിനിര്‍ണയ സിഗ്നലുകള്‍ കൈമാറും. സമയനിര്‍ണയത്തിനായി ഒരു ആറ്റോമിക് ക്ളോക്കും നാവിഗേഷന്‍ പെലോയിഡിന്‍െറ ഭാഗമാണ്.

റേഞ്ചിങ് പെലോയിഡ് കൃത്യമായ സ്ഥലനിര്‍ണയം നിര്‍വഹിക്കും. ലേസര്‍ വ്യാപ്തി നിര്‍ണയിക്കുന്ന കോര്‍ണര്‍ ക്യൂബ് റെട്രോ റിഫ്ളക്ടറുകളും ഉപഗ്രഹത്തിലുണ്ട്. 1425 കിലോ ഭാരമുള്ള ഐ.ആര്‍.എന്‍.എസ്.എസ് -1ഇയുടെ ബാഹ്യരൂപം നേരത്തെ വിക്ഷേപിച്ചവക്ക് തുല്യമാണ്.
പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് -1എ 2013 ജൂലെ ഒന്നിന് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലത്തെിച്ചിരുന്നു. 1ബി 2014 ഏപ്രില്‍ നാലിനും 1സി അതേവര്‍ഷം നവംബര്‍ 10നും 1ഡി 2015 മാര്‍ച്ച് 24നും വിക്ഷേപിച്ചു. 1ഇ, 1എഫ്, 1ജി എന്നിവയാണ് ഇനി വിക്ഷേപിക്കാനുള്ളവ. ഈ വര്‍ഷം മാര്‍ച്ച് 31 ഓടെ ഇവയുടെ വിക്ഷേപണം പൂര്‍ത്തിയാക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇതോടെ ഗതിനിര്‍ണയ പ്രക്രിയക്ക് അമേരിക്കയുടെ ഗ്ളാബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്), റഷ്യയുടെ ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഒഴിവാക്കാനാകും. ഐ.ആര്‍.എന്‍.എസ്.എസ് -1ഡി വിക്ഷേപണത്തോടെ ഇത് താല്‍കാലികമായി പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed