ജെല്ലിക്കെട്ട് നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് തുടരാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഉപാധികളോടെ അനുമതി നല്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ വൻ പ്രതിഷേധം ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ആയുധമായിട്ടാണ് ബിജെപി ജെല്ലിക്കെട്ടിനെ കണക്കാക്കുന്നത്. കാളകളെ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് 2011ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിപ്പിച്ച ഉത്തരവിനെത്തുടര്‍ന്ന് 2014ലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്.
ജെല്ലിക്കെട്ട് പുനഃരാരംഭിക്കാനുള്ള നീക്കത്തിനെതിരേ മൃഗക്ഷേമ ബോര്‍ഡ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. നേരത്തെ, ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താനായുളള അനുമതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നടത്തുന്ന കാളയോട്ടത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് പ്രകടനങ്ങള്‍ ജില്ലാ ഭരണാധികാരികളുടെ കര്‍ശ്ശന നിരീക്ഷണത്തലായിരിക്കണമെന്നും ജെല്ലിക്കെട്ട് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.