ഉച്ചഭക്ഷണത്തിലും സ്കോളർഷിപ്പിലും തട്ടിപ്പ്: എച്ച്.എമ്മിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ
ഷീബ വിജയൻ
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലും വിവിധ ആനുകൂല്യ വിതരണത്തിലും ഗുരുതര സാമ്പത്തിക തിരിമറി നടത്തിയ പാറശാല പൊഴിയൂർ ഗവ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ഡി. ബീനയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ബാലാവകാശ കമ്മീഷൻ ശിപാർശ ചെയ്തു. രണ്ടു വർഷം നീണ്ട സമഗ്രമായ തെളിവെടുപ്പിനൊടുവിലാണ് കമ്മീഷന്റെ നിർണായക നടപടി.
പരാതി പരിശോധിച്ചപ്പോൾ സ്കൂളിൽ വ്യാപകമായി അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കടലാസിൽ പെരുപ്പിച്ചു കാട്ടി സൗജന്യ അരി തട്ടിയെടുക്കുകയും കുട്ടികൾക്ക് നൽകേണ്ട പാൽ, മുട്ട വിതരണത്തിൽ വീഴ്ച വരുത്തുകയും ചെയ്തു.
കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണത്തിൽ ക്രമക്കേട് കാട്ടി. കുപ്പുതല നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വാർഷികപരീക്ഷയുടെ വ്യാജ ഉത്തരക്കടലാസുകൾ നിർമിച്ച് വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി അനുവദിച്ച സ്കോളർഷിപ്പ് തുക പലരുടെയും പേരിൽ കൈപ്പറ്റിയെങ്കിലും യുപി വിഭാഗത്തിലെ 22 കുട്ടികൾക്ക് മാത്രമാണ് തുക കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ ശിപാർശ. സ്കോളർഷിപ്പ് ഇനത്തിൽ തട്ടിയെടുത്തെ തുക പ്രഥമാധ്യപികയിൽ നിന്ന് ഈടാക്കണമെന്നും അർഹരായ വിദ്യാർഥികൾക്ക് ഇത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്.
adsadssad

