ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക; 80 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തി
ശാരിക l അന്തർദേശീയം
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്ന് പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാന്മേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
asdasd

