ഇറാന്റെ ആക്രമണത്തിൽ തകർന്ന വീടുകൾ പുനരുദ്ധരിച്ചു; സിത്രയിൽ സ്വദേശികൾക്ക് വീടുകൾ കൈമാറി
പ്രദീപ് പുറവങ്കര
മനാമ: ഇറാന്റെ ക്രൂരമായ ആക്രമണങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായ ബഹ്‌റൈൻ സ്വദേശികൾക്ക് അടിയന്തര നഷ്ടപരിഹാരവും സഹായവും നൽകാനുള്ള രാജകീയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, സിത്ര പ്രദേശത്ത് പുനരുദ്ധാരണം പൂർത്തിയാക്കിയ പുതിയ ബാച്ച് വീടുകൾ ഉടമകൾക്ക് കൈമാറി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉന്നത നിർദ്ദേശങ്ങൾക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവുകൾക്കും അനുസൃതമായാണ് നടപടി. പൊതുമരാമത്ത് മന്ത്രാലയവും ഭവനനിർമാണ-നഗരാസൂത്രണ മന്ത്രാലയവും ചേർന്നാണ് സാങ്കേതിക-എഞ്ചിനീയറിംഗ് ജോലികൾ പൂർത്തിയാക്കി വീടുകൾ സ്വദേശികൾക്ക് കൈമാറിയത്.
നിശ്ചിത സമയപരിധിക്കുള്ളിൽ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതിയുടെ ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദഗ്ദ്ധ സംഘം വ്യക്തമാക്കി. വീടുകളുടെ ഘടനാപരമായ തകരാറുകൾ പൂർണ്ണമായും പരിഹരിച്ചതോടൊപ്പം ആന്തരികവും ബാഹ്യവുമായ ഫിനിഷിംഗ് ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. തകരാറിലായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പൂർണ്ണമായി പുനഃസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. വിദഗ്ദ്ധ എഞ്ചിനീയറിംഗ് ടീമുകളുടെ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ അറ്റകുറ്റപ്പണികൾ നടത്തിയത്. ഉയർന്ന ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട്, വീടുകൾ പൂർണ്ണമായും താമസയോഗ്യമായ അവസ്ഥയിലാണ് കൈമാറിയത്. ബാക്കിയുള്ള വീടുകളുടെ അറ്റകുറ്റപ്പണികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ വീടുകൾ വളരെ വേഗത്തിൽ പൂർവ്വസ്ഥിതിയിലാക്കാൻ അടിയന്തിര നടപടി സ്വീകരിച്ച ബഹ്റൈൻ ഭരണാധികാരികൾക്ക് സിത്രയിലെ ജനങ്ങൾ ഹൃദയംഗമമായ നന്ദിയും ആദരവും രേഖപ്പെടുത്തി. സർക്കാർ ഏജൻസികളുടെ വേഗതയേറിയ പ്രതികരണത്തെയും സമയബന്ധിതമായ പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു. നാശനഷ്ടം വിലയിരുത്തിയത് മുതൽ വീടുകൾ അറ്റകുറ്റപ്പണി നടത്തി കൈമാറുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭരണകൂടത്തിൻ്റെ നേരിട്ടുള്ള ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നുവെന്ന് സ്വദേശികൾ പറഞ്ഞു. ഇത് ബഹ്റൈനിലെ ജനങ്ങൾക്ക് ഭരണകൂടം നൽകുന്ന കരുതലിൻ്റെ തെളിവാണെന്നും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസവും സുരക്ഷിതത്വബോധവും നൽകിയതായും അവർ കൂട്ടിച്ചേർത്തു.
േോേ്ി

