മകളെ രക്ഷിച്ച പിതാവ് ജയിലിൽ, പീഡനശ്രമം നടത്തിയ പ്രതി ആശുപത്രിയിൽ! പോത്തൻകോട് പൊലീസിനെതിരെ മജിസ്ട്രേറ്റിന്റെ രൂക്ഷവിമർശനം
ഷീബ വിജയൻ
തിരുവനന്തപുരം പോത്തൻകോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ നാല്പ്പതുകാരനെ പെൺകുട്ടിയുടെ പിതാവ് കായബലം പ്രയോഗിച്ച് നേരിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതി 13 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് ജനാലയിലൂടെ കണ്ട മറ്റൊരാൾ ഉടൻ തന്നെ വിവരം കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ഓടിയെത്തിയ പിതാവ് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നേരിൽ കണ്ട് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാല് തല്ലിയൊടിക്കുകയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പോത്തൻകോട് പൊലീസിന്റെ ഭാഗത്തുനിന്ന് വൻ വീഴ്ചയുണ്ടായി. കാലൊടിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലായ പ്രതി, മുൻവൈരാഗ്യത്തിന്റെ പേരിൽ തന്നെ വീട്ടിൽ കയറി ആക്രമിച്ചതാണെന്ന് കാണിച്ച് പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം അന്വേഷിക്കാതെ പൊലീസ് പെൺകുട്ടിയുടെ പിതാവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അതിവേഗം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിതാവ് ജയിലിലായതിന് പിന്നാലെ ചൈൽഡ്ലൈൻ പ്രവർത്തകർ ഇടപെട്ട് പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോഴാണ് ക്രൂരമായ പീഡനശ്രമത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. സംഭവത്തിന്റെ ചുരുളഴിഞ്ഞതോടെ കോടതിയിൽ മജിസ്ട്രേറ്റ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രതിയുടെ വ്യാജ പരാതി കേട്ട് യഥാർത്ഥ ഇരയുടെ കുടുംബത്തെ ജയിലിലടച്ച പൊലീസിന്റെ നടപടി തികഞ്ഞ ജാഗ്രതക്കുറവാണെന്ന് കോടതി നിരീക്ഷിച്ചു. സത്യാവസ്ഥ വ്യക്തമായതോടെ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ ഔദ്യോഗിക അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജയിലിലാകേണ്ടി വന്ന പിതാവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
fddffgd

