വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50-ാം മത്സരം, 'മാജിക്ക് ഗോൾ'! സെലക്കാവോകളുടെ മുഖം രക്ഷിച്ച പോരാളി
ഷീബ വിജയൻ
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ ബ്രസീൽ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ നിർണായകമായത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ മാന്ത്രിക ഗോളായിരുന്നു. മത്സരത്തിൽ അടിമുടി നിറംമങ്ങി കളിച്ച ബ്രസീൽ ടീമിൽ അൽപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് വിനീഷ്യസ് മാത്രമാണ്. ഗോളടിച്ചും സഹതാരങ്ങൾക്ക് ഗോളവസരങ്ങൾ ഒരുക്കിക്കൊടുത്തും വിനി കളം നിറഞ്ഞെങ്കിലും, ടീമെന്ന നിലയിൽ ബ്രസീൽ ഈ കളി ശൈലി തുടർന്നാൽ പോരാതെവരുമെന്ന് കടുത്ത എതിരാളികൾ പോലും സമ്മതിക്കുന്ന മങ്ങിയ പ്രകടനമാണ് സെലക്കാവോകൾ മൈതാനത്ത് കാഴ്ചവെച്ചത്.
ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ 50-ാം മത്സരമായിരുന്നു ഇത്. ടീമിനെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയ തകർപ്പൻ ഗോൾ നേടി താരം തന്റെ നാഴികക്കല്ല് പോരാട്ടം അവിസ്മരണീയമാക്കി മാറ്റി.
ബ്രസീലിന്റെ വിരസമായ കളിക്ക് ജീവൻ നൽകിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടത്. മത്സരം പതുക്കെ ആരംഭിച്ച ബ്രസീൽ ആദ്യം ഒരു ഗോൾ വഴങ്ങി പിന്നിലായെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അവരുടെ പ്രധാന താരത്തിന്റെ മാന്ത്രിക നീക്കം കളിയിൽ സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്രസീലിന് സാധിച്ചില്ല, അതിനുള്ള തിരിച്ചടിയും അവർക്ക് വേഗത്തിൽ തന്നെ കിട്ടി. കളിയിൽ ആദ്യം മുന്നിലെത്തിയത് മൊറോക്കോയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച അവർ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ ആറ് ഗോൾ ശ്രമങ്ങളാണ് ബ്രസീൽ പോസ്റ്റിലേക്ക് നടത്തിയത്. ഇതിന് ശേഷമാണ് ബ്രസീൽ പതുക്കെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
മൊറോക്കോ നേടിയ ആ ഗോൾ അതിമനോഹരമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രഹിം ഡിയാസ് ബ്രസീലിന്റെ സെന്റർ ബാക്കുകൾക്കിടയിലൂടെ വെച്ചുനൽകിയ പന്തുമായാണ് മുന്നേറ്റമുണ്ടായത്. ഈ സീസണിൽ പിഎസ്വി ഐന്തോവനു വേണ്ടി 15 ഗോളുകൾ നേടിയ ഇസ്മായിൽ സൈബാരി ആ പന്തുമായി കുതിച്ചുപാഞ്ഞു. മുന്നോട്ടു കയറി വന്ന് പന്ത് തടയാൻ ശ്രമിച്ച ബ്രസീൽ ഗോൾകീപ്പർ അലിസന് ഒന്നും ചെയ്യാൻ സാധിക്കും മുൻപ് തന്നെ സൈബാരി പന്ത് അലിസന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.
ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരുപാട് ചിന്തിക്കാനുള്ള വക നൽകുന്നതായിരുന്നു 21-ാം മിനിറ്റിൽ മൊറോക്കോ നേടിയ ഈ ഗോൾ. ആ അപ്രതീക്ഷിത ഗോൾ ബ്രസീലിനെ സ്തബ്ധരാക്കിയെങ്കിലും അവർ പെട്ടെന്ന് തന്നെ തിരിച്ചടിച്ചു. 32-ാം മിനിറ്റിൽ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വിനീഷ്യസ് ജൂനിയർ കൃത്യമായി മുതലാക്കി. മൊറോക്കോ പ്രതിരോധ നിര വിനീഷ്യസിന് ബോക്സിന് മുന്നിൽ കുറച്ചധികം സ്ഥലം നൽകിപ്പോയി. ഇത് മുതലെടുത്ത് റയൽ മാഡ്രിഡ് വിങ്ങർ തന്റെ വലതു കാലിലേക്ക് പന്ത് ഒതുക്കി, വെട്ടിത്തിരിഞ്ഞ് മൊറോക്കോ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് പന്ത് തൊടുത്തുവിട്ടു. അതുവരെ നിശബ്ദരായി സ്റ്റേഡിയത്തിൽ കളി കണ്ടിരുന്ന ബ്രസീൽ ആരാധകർക്ക് വൻതോതിൽ ആഘോഷിക്കാൻ വക നൽകുന്ന സുന്ദരമായൊരു ഗോളായിരുന്നു ഇത്.
വിനീഷ്യസിന്റെ ഈ മറുപടി ഗോൾ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും വലിയ ആശ്വാസമാണ് നൽകിയത്. വിനീഷ്യസ് വളരെ നന്നായി കളിച്ചുവെന്നും എതിർ ടീമിൽ അപകടം വിതക്കാൻ അവന് സാധിച്ചുവെന്നും അദ്ദേഹം മത്സര ശേഷം വ്യക്തമാക്കി. കൂടാതെ ഒരു ലോകകപ്പ് സ്വന്തമാക്കാനുള്ള എല്ലാ കഴിവും വിനീഷ്യസിനുണ്ടെന്ന് അവൻ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തിയതായും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.
രണ്ടാം പകുതി ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും കളിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ പതറിയ കാസമിറോയെ മാറ്റി പകരം മാത്യൂസ് കുന്യയെ ഇറക്കി ബ്രസീൽ കളിക്ക് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ കുന്യയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിനീഷ്യസ് നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നിട്ടും രണ്ടാമതൊരു ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് മികച്ച പന്തടക്കവും കൃത്യമായ പാസിങുമായി മൊറോക്കോ നിരന്തരം ബ്രസീൽ ബോക്സിലേക്ക് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നെങ്കിലും തുടർ ഗോളുകൾ ഒന്നും തന്നെ വന്നില്ല.
ddsasasa

