വിമാന ഇന്ധനവില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ
ശാരിക l ദേശീയം
ന്യൂഡൽഹി: വിമാന ഇന്ധനവിലയിലെ വർധനവും വ്യോമപാതയിലെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് ജൂൺ, ജൂലൈ മാസങ്ങളിലെ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ പല റൂട്ടുകളും ലാഭകരമല്ലാതായതാണ് സർവീസുകൾ കുറയ്ക്കാൻ കാരണമെന്ന് എയർ ഇന്ത്യ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാമ്പ്ബെൽ വിൽസൺ വ്യക്തമാക്കി. ഇന്ധനവിലയിലെ ഇളവും വ്യോമമേഖലയിലെ നിയന്ത്രണങ്ങൾ നീങ്ങുന്നതും അനുസരിച്ച് മാത്രമേ സാധാരണ നിലയിലേക്ക് മടങ്ങാൻ സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിലും സമാനമായ രീതിയിൽ സർവീസുകൾ കുറച്ചിരുന്നു. ഹ്രസ്വദൂര പാതകൾക്ക് നിയന്ത്രണം വന്നതോടെ ദീർഘദൂര പാതകൾ ഉപയോഗിക്കേണ്ടി വന്നത് കമ്പനിക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യവും കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങളും പ്രതിസന്ധി വർധിപ്പിച്ചു. പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
assfsf

