കർണാടകയിലെ തുംകൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 40 മയിലുകൾ ചത്ത നിലയിൽ
ശാരിക l ദേശീയം
തുംകൂർ: കർണാടകയിലെ തുംകൂർ ജില്ലയിൽ എച്ച് 5 എൻ 1 പക്ഷിപ്പനി ബാധിച്ച് 40 മയിലുകൾ ചത്തതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശുഭ കല്യാൺ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു. കാട്ടുപക്ഷികളും മയിലുകളും ചത്തതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നെന്നും വൈറസ് സാന്നിധ്യം ഇന്നലെ സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി. വൈറസ് വ്യാപനം തടയാനായി റാപിഡ് റെസ്‌പോൺസ് ടീം പ്രദേശം നിരീക്ഷിച്ചുവരികയാണ്.
കണ്ടെയ്ൻമെന്റ് സോണിനുള്ളിലെ 31 കോഴിക്കടകളും 10 ഫാമുകളും കർശന നിരീക്ഷണത്തിലാണ്. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രതയുടെ ഭാഗമായി മാംസം നന്നായി വേവിച്ചു മാത്രം കഴിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ പക്ഷികളെയും സസ്തനികളെയും ബാധിക്കുന്ന വൈറസ് വകഭേദമാണ്. അപൂർവ്വമായി മനുഷ്യരെ ബാധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. മുൻപ് സമാന സാഹചര്യത്തിൽ ഛത്തീസ്ഗഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
fsdf

