ജമ്മുവിൽ പാലം തകർന്ന് മൂന്ന് മരണം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ശാരിക l ദേശീയം
ജമ്മു: ജമ്മു നഗരപ്രാന്തത്തിൽ നിർമാണത്തിലിരുന്ന പഴയ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബന്താപ്പിലെ തൂതർ പ്രദേശത്ത് വെള്ളി, ശനി ദിവസങ്ങളിലായി 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടം.
തർസേം ലാൽ എന്ന തൊഴിലാളിയെ അപകടസമയത്ത് തന്നെ രക്ഷപ്പെടുത്തിയെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് മൂന്ന് പേരെ പുലർച്ചയോടെയാണ് പുറത്തെടുക്കാനായത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർ സർവീസ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസ്, സൈന്യം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകടസ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ കർശന നടപടിക്ക് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാഹിൽ വർമയെയും ജൂനിയർ എഞ്ചിനീയർ സജാദ് മിറിനെയും സസ്പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
fgdf

