കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരാക്കാം; തൃണമൂൽ കോൺഗ്രസിന്റെ ഹർജി സുപ്രീംകോടതി തള്ളി
ശാരിക l ദേശീയം
ന്യൂഡൽഹി: പശ്ചിമബംഗാളിലെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ചുമതല ഏൽപ്പിക്കുന്നതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ നിയമപരമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആശങ്ക അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുതെന്നും വോട്ടെണ്ണൽ വേളയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകില്ലേയെന്നും കോടതി ആരാഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി കേന്ദ്ര ജീവനക്കാരെ മാത്രം നിയോഗിക്കുന്നത് ശരിയല്ലെന്ന വാദം ഉന്നയിച്ചെങ്കിലും കമ്മീഷന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.
asff

