ബഹ്‌റൈൻ പാർലമെന്റ് കാലാവധി നീട്ടി രാജകൽപ്പന; ഇറാനിയൻ പ്രകോപനത്തെ അതിജീവിച്ചെന്ന് രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ശൂറ കൗൺസിലിന്റെയും പാർലമെന്റിന്റെയും ആറാം നിയമനിർമ്മാണ കാലയളവ് നീട്ടി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകൽപ്പന പുറപ്പെടുവിച്ചു. ഭരണഘടനയുടെ 58-ാം അനുച്ഛേദം അനുസരിച്ചാണ് ഈ നടപടി. ഇതനുസരിച്ച് 2026 ഡിസംബർ 12 മുതൽ ഒരു വർഷത്തേക്ക് കൂടി സഭയുടെ കാലാവധി നീട്ടിയിട്ടുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് എന്നിവരുമായി രാജാവ് കൂടിക്കാഴ്ച നടത്തി. ജിസിസി ഉച്ചകോടിയുടെ ഫലങ്ങളും പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും യോഗം വിലയിരുത്തി.
ഇറാനിയൻ പ്രകോപനങ്ങളെയും വെല്ലുവിളികളെയും രാജ്യം ഐക്യത്തോടെ അതിജീവിച്ചതായി രാജാവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. ദേശീയ വികസനത്തിൽ ലെജിസ്ലേറ്റീവ് അതോറിറ്റി നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച രാജാവ്, രാജ്യത്തിന്റെ സുരക്ഷയിലും സ്ഥിരതയിലും വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി.
രാജാവിന്റെ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും പാർലമെന്റ്, ശൂറ കൗൺസിൽ അധ്യക്ഷന്മാർ നന്ദി രേഖപ്പെടുത്തി.
zdff



