സെന്റ് ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികം: ബഹ്‌റൈനിൽ വിപുലമായ പരിപാടികൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സെന്റ് ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 ജൂൺ മുതൽ ബഹ്‌റൈനിൽ വിപുലമായ സാംസ്കാരിക-മതസൗഹാർദ്ദ പരിപാടികൾ സംഘടിപ്പിക്കുന്നു. മനാമയിലെ ഇറ്റാലിയൻ എംബസിയാണ് 'ദിസ് ഈസ് ബഹ്‌റൈൻ' എന്ന സംഘടനയുമായി സഹകരിച്ച് ഇക്കാര്യം അറിയിച്ചത്. സമാധാനം, സംവാദം, സഹവർത്തിത്വം എന്നീ പ്രമേയങ്ങളിൽ ഊന്നിയാകും പരിപാടികൾ നടക്കുക.
സെന്റ് ഫ്രാൻസിസ് അസീസി വിനയത്തിന്റെയും സമാധാനത്തിന്റെയും ആഗോള പ്രതീകമാണെന്നും അദ്ദേഹത്തിന്റെ സന്ദേശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കാറ്റലാനോ പറഞ്ഞു. ജൂണിൽ നടക്കുന്ന അന്താരാഷ്ട്ര മതസൗഹാർദ്ദ സമ്മേളനത്തോടെയാകും പരിപാടികൾക്ക് തുടക്കമാവുക. ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരങ്ങളും സംഗീത പരിപാടികളും സംഘടിപ്പിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് 2026 ഒക്ടോബറിൽ ഇറ്റലിയിലെ അസീസി സന്ദർശിക്കാനും അവസരമുണ്ടാകും. സഹിഷ്ണുതയ്ക്കും സാംസ്കാരികമായ തുറന്ന സമീപനത്തിനും ബഹ്‌റൈൻ നൽകുന്ന പ്രാധാന്യമാണ് ഈ പരിപാടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് 'ദിസ് ഈസ് ബഹ്‌റൈൻ' അധ്യക്ഷ ബെറ്റ്‌സി മത്തിസൺ വ്യക്തമാക്കി. ബഹ്‌റൈൻ ചരിത്രത്തിലെ ഇസ ബിൻ അലി അൽ ഖലീഫയുടെ പാരമ്പര്യവും സെന്റ് ഫ്രാൻസിസിന്റെ സന്ദേശങ്ങളും തമ്മിലുള്ള സമാനതകളും പരിപാടികളിൽ ചർച്ചയാകും.
dsg



