ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിടും; മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ
ഷീബ വിജയൻ I കേരളം
മലപ്പുറം: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ ജനവിധിയിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ റോഡിലൂടെ നടക്കുമെന്ന് അൻവർ പ്രഖ്യാപിച്ചു. മറിച്ചാണെങ്കിൽ മുഹമ്മദ് റിയാസ് കമ്മലിടണ്ട, മൊട്ടയടിച്ചാൽ മതിയെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാണോയെന്നും അൻവർ ചോദിച്ചു.
ബേപ്പൂരിൽ തനിക്ക് 25,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും റിയാസിന് 65,000-ത്തിന് മുകളിൽ വോട്ട് കിട്ടില്ലെന്നും അൻവർ അവകാശപ്പെട്ടു. ഇത് കേവലം ന്യൂനപക്ഷ ഏകീകരണമല്ല, മറിച്ച് പിണറായി സർക്കാരിനെതിരെയുള്ള ജനങ്ങളുടെ രോഷമാണെന്നും ഇടതുപക്ഷ വോട്ടുകൾ പോലും യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിനുണ്ടാകുന്ന തിരിച്ചടിക്ക് കാരണം മുഹമ്മദ് റിയാസാണെന്നും സിപീഎം പ്രവർത്തകർ പോലും പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നുവെന്നും അൻവർ ആരോപിച്ചു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള ബിജു പ്രഭാകറിന്റെ പരാമർശങ്ങളിൽ റിയാസ് മറുപടി പറയണമെന്നും വ്യക്തിഹത്യ നടത്തി എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്നും അൻവർ കൂട്ടിച്ചേർത്തു.
dfdsf



