സമാധാന ചർച്ചകൾക്കിടെയും ലെബനനിൽ ഇസ്രായേൽ ആക്രമണം; 24 മണിക്കൂറിനിടെ തകർത്തത് 200 കേന്ദ്രങ്ങൾ
പ്രദീപ് പുറവങ്കര I അന്തർദേശീയം
ബെയ്റൂട്ട്/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ നടക്കുമ്പോഴും ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനിലെ ഹിസ്ബുള്ളയുടെ 200-ലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു.
തെക്കൻ ലെബനനിൽ കരസേനാ നീക്കത്തിന് പിന്തുണ നൽകുന്നതിനായി വ്യോമസേന ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനായി ഹിസ്ബുള്ളയുടെ മിസൈൽ ലോഞ്ചറുകളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടത്തുന്നതെന്ന് ഐ.ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ റെയ്ഡുകളിൽ ആറ് പേർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇതിനിടെ, വടക്കൻ ഇസ്രായേലിലെ അപ്പർ ഗലീലി മേഖലയിൽ അജ്ഞാത ഡ്രോൺ ആക്രമണം ഉണ്ടായേക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് വ്യക്തമല്ല. ഇസ്ലാമാബാദിൽ സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും അതിർത്തികളിൽ സംഘർഷം പുകയുന്നത് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
aa




