ബഹ്റൈൻ കോടതികളിൽ വിദേശ അഭിഭാഷകർക്കും വാദിക്കാം; അഭിഭാഷക വൃത്തിയിൽ വൻ പരിഷ്കാരത്തിനൊരുങ്ങി പാർലമെന്റ്
പ്രദീപ് പുറവങ്കര I ഗൾഫ്
മനാമ: ബഹ്റൈനിലെ അഭിഭാഷക വൃത്തിയുടെ നിയന്ത്രണങ്ങളിലും നിയമങ്ങളിലും സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 68 വകുപ്പുകളടങ്ങിയ പുതിയ കരട് നിയമം പാർലമെന്റ് ചർച്ചക്കെടുക്കുന്നു. ചരിത്രത്തിലാദ്യമായി പരിമിതമായ സാഹചര്യങ്ങളിൽ വിദേശ അഭിഭാഷകർക്ക് ബഹ്റൈൻ കോടതികളിൽ ഹാജരാകാൻ അനുമതി നൽകുന്നതാണ് ഈ പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശം. 2025-ലെ 16-ാം നമ്പർ ഉത്തരവ് പ്രകാരം സർക്കാർ കൊണ്ടുവന്ന ഈ ബില്ല്, നിലവിലുള്ള നിയമങ്ങളെ ആധുനികവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാണിജ്യ തർക്കങ്ങളിൽ (Commercial Disputes) പ്രാദേശിക അഭിഭാഷകർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വിദേശ അഭിഭാഷകർക്ക് ലൈസൻസ് നൽകും. എന്നാൽ ക്രിമിനൽ, ഭരണപരമായ കാര്യങ്ങൾ (Administrative), ശരീഅത്ത് നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഇവർക്ക് അനുമതിയുണ്ടാകില്ല. വിദേശ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കർശനമായ നിബന്ധനകളോടെ വിദേശ ലീഗൽ കൺസൾട്ടൻസി ഓഫീസുകൾക്കും പങ്കെടുക്കാം.
അഭിഭാഷകരുടെ പരിശീലനത്തിലും പ്രൊഫഷണൽ നിലവാരത്തിലും പുതിയ നിയമം കർശനമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. അഞ്ച് വർഷത്തിലധികം ജോലിയിൽ നിന്ന് വിട്ടുനിന്ന അഭിഭാഷകർ വീണ്ടും പ്രാക്ടീസ് ആരംഭിക്കണമെങ്കിൽ എൻട്രി പരീക്ഷകൾ എഴുതണം. ട്രെയിനി അഭിഭാഷകർ നിശ്ചിത പരിശീലനവും പരീക്ഷകളും പൂർത്തിയാക്കിയാൽ മാത്രമേ യോഗ്യത നേടുകയുള്ളൂ. കൂടാതെ, എല്ലാ വർഷവും രജിസ്ട്രേഷൻ പുതുക്കണമെന്ന നിബന്ധനയും പുതിയ ഇൻഷുറൻസ് വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിഭാഷകർക്കും ഓഫീസുകൾക്കും സാമ്പത്തിക പരിശോധനകൾ നടത്താൻ അധികൃതർക്ക് കൂടുതൽ അധികാരം നൽകുന്നതിനൊപ്പം, ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്യുന്നവർക്കും ആൾമാറാട്ടം നടത്തുന്നവർക്കും കർശനമായ ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു. ക്ലയന്റുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കുമ്പോൾ തന്നെ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിൽ ഇളവ് നൽകും. പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഈ ബില്ലിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
asdfasd




