കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകം ; കുവൈത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍


കുവൈത്തിലെ അര്‍ദിയയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതിക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ട്. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണവും എടുത്തിട്ടില്ല. മൃതദേഹങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടത് കൊണ്ടു തന്നെ കൊലപാതകത്തിന് കാരണം മോഷണം അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed