കുവൈത്ത് പള്ളിയിലെ സ്ഫോടനം: ഏഴുപേര്‍ക്ക് വധശിക്ഷ

കുവൈത്ത്: കുവൈത്തിലെ ഇമാം സാദിഖ് മസ്ജിദ് ചാവേര്‍ ബോംബ് സ്ഫോടനക്കേസിലെ ഏഴു പ്രതികള്‍ക്ക് വധശിക്ഷ. മൂന്ന് സ്ത്രീകള്‍ അടക്കം എട്ടു പ്രതികള്‍ക്ക് രണ്ടുമുതല്‍ 15 വരെ വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കുറ്റക്കാരല്ലെന്ന് കണ്ട് 14 പേരെ വിട്ടയച്ചു.
2015 ജൂണ്‍ 26നാണ് കുവൈത്തിലെ പ്രമുഖ ഷിയാ പള്ളിയില്‍ സ്ഫോടനമുണ്ടായത്. രണ്ട് ഇന്ത്യക്കാരടക്കം 27 പേര്‍ മരിക്കുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്ന് മൂന്നുമാസം തികയുംമുമ്പാണ് വിധിപ്രഖ്യാപനം.
ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കും ഒമ്പതാം പ്രതിക്കുമാണ് വധശിക്ഷ. ശിക്ഷിക്കപ്പെട്ട സ്ത്രീകള്‍ പാകിസ്താനികളാണ്. ചാവേറിനെ പള്ളിയിലത്തെിച്ച അബ്ദുറഹ്മാന്‍ ഐദാന്‍, ഇയാള്‍ക്ക് ബെല്‍റ്റ് ബോംബ് കൈമാറിയ അസഹ്റാനി സഹോദരങ്ങള്‍ എന്നിവര്‍ക്ക് പുറമെ ബദര്‍ ഹര്‍ബി നബ്രാസ്, ശബീബ് സാലിം അന്‍സി, ഫലാഹ് നമര്‍, ഫഹദ് ഫര്‍ജ് നാസര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.