വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒന്പത് വാർത്താ വെബ്സൈറ്റുകൾക്കെതിരെ കേസ്

കുവൈത്ത് സിറ്റി: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഒന്പതോളം വാർത്താ വെബ്സൈറ്റുകൾക്കെതിരെ കേസുകൾ ഫയൽ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ആകിറ്റിവിറ്റിയും സൈബർ സുരക്ഷ വകുപ്പിന്‍റെ കർശനമായ നിരീക്ഷണത്തിലാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളിൽ അഭ്യൂഹങ്ങൾ കുറയ്ക്കുന്നതിനും വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്ന വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയും ആഭ്യന്തര മന്ത്രാലയം ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
രാജ്യത്ത് കിംവദന്തികൾ പ്രചരിപ്പിക്കാൻ ആർക്കും അധികാരമില്ല. സോഷ്യൽ മീഡിയയിൽ പരാമർശിക്കുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്ന രീതിയിൽ മാറി നിൽക്കാനും സൈബർ ക്രൈം വകുപ്പ് അഭ്യർഥിച്ചു. വിശ്വസനീയമായ വാർത്തകൾക്ക് സർക്കാർ അംഗീകരിച്ച ഔദ്യോഗിക വാർത്താ വെബ്സൈറ്റുകൾ മാത്രം പിന്തുടരുമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കുവൈത്തിൽ നിരവധി അനധികൃത ന്യൂസ് പോർട്ടലുകൾ പ്രവർത്തിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓണ്‍ലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഇലക്ട്രോണിക് മീഡിയ നിയമം കൊണ്ടുവന്നിരുന്നു. പുതിയ നിയമ പ്രകാരം ന്യൂസ് പോർട്ടൽ നടത്തിപ്പിന് അനുമതി ലഭിക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്യും.