സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി ഉസ്മാൻ

കൊച്ചി: സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെ.കെ. ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഉസ്മാൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന് ശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.