സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവ് കടലിൽ മുങ്ങി മരിച്ചു

കുവൈറ്റ്: കുവൈറ്റിൽ വിനോദയാത്രക്കിടെ ബീച്ചിൽ തിരമാലയില്‍ അകപെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്. ബീച്ചില്‍ കുട്ടികളെ കുളിപ്പിക്കുന്നതിനിടെ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെട്ടു. ഉടന്‍ കടലിലേയ്ക്ക് ഓടിയിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകള്‍ സനിലിനെ കവര്‍ന്നെടുത്തു കടലിലേയ്ക്ക് പായുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്വന്തം ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു കണ്‍മുന്‍പില്‍ സനിലിനേയും തിരമാലകള്‍ കവര്‍ന്നത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു. ഭാര്യ സിമി തോമസ് സഭാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍ എസ്.എം.സി.എ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബയൂണിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.