യുവതികൾ മലകയറിയാൽ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ

കൊച്ചി: ശബരിമലയിൽ ഇത്തവണ യുവതികൾ വന്നാൽ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ. ശബരിമല വിധിയിൽ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടും. സുപ്രീംകോടതി വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പമ്പയിൽ ഇത്തവണ പോലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ലെന്നും ഡി.ജി.പി അറിയിച്ചു.
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പോലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല.
ഏതെങ്കിലും തരത്തിൽ ദർശനത്തിനു യുവതികളെത്തിയാൽ തടയാൻ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അധികൃതർ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ്.