ഇന്ത്യൻ എംബസി രജിസ്ട്രേഷൻ : പ്രവാസി സംഘടനകളുടെ എണ്ണം കുറച്ചു

കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസി സംഘടനകളുടെ എണ്ണം വെട്ടിക്കുറച്ചു. എംബസി വെബ്സൈറ്റിൽ അസോസിയേഷനുകളുടെ പട്ടികയിൽ ഇപ്പോൾ 96 സംഘടനകൾ മാത്രമേ ഉള്ളൂ. 280 സംഘടനകൾ നിലവിലുണ്ടായിരുന്ന സ്ഥാനത്താണിത്. ഇതിൽ മലയാളി സംഘടനകളുടെ എണ്ണം 140ൽനിന്ന് 25 ആയി കുറഞ്ഞു. നിശ്ചിത മാനദണ്ധങ്ങൾക്ക് അനുസൃതമായാണ് എംബസി പ്രവാസി സംഘടനകൾക്ക് രജിസ്ട്രേഷൻ നൽകിവരുന്നത്.
മാനദണ്ധങ്ങൾ പാലിക്കാതെ രജിസ്ട്രേഷൻ നൽകിയിരുന്നതിനാൽ സംഘടനകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഒട്ടേറെ സംഘടനകളെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് എന്നാണ് വിവരം.
കുവൈത്തിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനം പാടില്ലെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ സാംസ്കാരിക സംഘടനയെന്ന പേരിൽ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളി സംഘടനകളിൽ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും മുസ്ലിം ലീഗിന്റെയും സി.പി.ഐയുടെയും എൻ.സി.പിയുടെയും ജനതാദളിന്റെയുംതുടങ്ങി പി.ഡി.പി, എസ്.ഡി.പി.ഐ എന്നിവയുടെ വരെ അനുഭാവി സംഘടനകളുണ്ട്.
മത സംഘടനകളുടെ പോഷക സംഘടനകളാണ് മറ്റുചിലത്. ഇവയ്ക്കെല്ലാം പുറമെ ജില്ലാ തലത്തിലും ഏരിയാ തലത്തിലും പ്രാദേശിക തലത്തിലും കൂട്ടായ്മകളുണ്ട്. ചില ജില്ലകൾക്കാണെങ്കിൽ രണ്ടിലധികം സംഘടനകൾ വരെയുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളും സമൂഹ മാധ്യമ കൂട്ടായ്മകളും വേറെ.
കലാ, സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും പല സംഘടനകളായി പ്രവർത്തിക്കുന്നു. മലയാളികൾക്കിടയിലാണ് സംഘടനാ ബാഹുല്യം കൂടുതൽ. ഉപാധികൾ പുതുക്കി നിശ്ചയിച്ച് ര ജിസ്ട്രേഷൻ ക്രമപ്പെടുത്താനാണ് എംബസി ആലോചിക്കുന്നത് എന്നാണ് സൂചന.