കടലാസ് രഹിത സ്മാർട്ട് ദുബൈ പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങി

ദുബൈ : സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന കടലാസ് രഹിത പദ്ധതിയുടെ ആദ്യഘട്ടം സ്മാർട്ട് ദുബൈ ആരംഭിച്ചു. സർക്കാർ ഓഫീസുകൾക്കുള്ളിലും പുറത്തുമുള്ള ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്കു പൂർണമായും മാറ്റാനും കടലാസ് രഹിത വിഭാഗങ്ങളായി മാറ്റാനുമുള്ള ലക്ഷ്യത്തിന്റെ ഭാഗമാണു നടപടി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വർഷം ആദ്യം ഉദ്ഘാടനം ചെയ്ത പദ്ധതിപ്രകാരം ദുബൈയിലെ എല്ലാ സർക്കാർ ഇടപാടുകളും സ്മാർട്ട് ഗവൺമെന്റ് സംവിധാനത്തിലേക്കു മാറ്റും. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം അവസാനം പൂർത്തിയാക്കും. ആറ് സർക്കാർ വിഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
ദുബൈ പോലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ്, ദുബൈ സാന്പത്തിക വികസന വകുപ്പ്, വിനോദ സഞ്ചാരം, വാണിജ്യ വിപണന വിഭാഗം എന്നിവ പ്രഥമഘട്ടത്തിലുണ്ട്. രണ്ടാം ഘട്ടത്തിൽ കൂടുതൽ സർക്കാർ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നതു കൂടാതെ, ഏകോപന നടപടികളും സ്വീകരിക്കും. ലോകത്തിലെ മുൻനിര സ്മാർട്ട് സിറ്റിയാകണമെന്നുള്ള ദുബൈയിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണായകമായ കുതിച്ചുചാട്ടമാണു ദുബൈ കടലാസ് രഹിത പദ്ധതിയെന്നു സ്മാർട്ട് ദുബൈ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ഐഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളിൽ സംയോജിതവും കടലാസ് രഹിതവുമായ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടു ത്തണമെന്ന നേതൃത്വത്തിന്റെ ദർശനത്തിന്റെ ഭാഗമായാണു നടപടി. ഇതുവഴി സാമൂഹിക വികസനം, ജനങ്ങളുടെ സന്തോഷം എന്നിവ സാധ്യമാക്കാൻ ജീവനക്കാർക്കു പ്രോൽസാഹനം ലഭിക്കുമെന്നും ഡോ. ഐഷ പറഞ്ഞു.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ജനങ്ങൾക്ക് അടിസ്ഥാനപരമായ സേവനം നൽകുന്ന ആറ് പ്രമുഖ സർക്കാർ വിഭാഗങ്ങളെയാണ് ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. 2019ൽ നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിൽ കൂടുതൽ സർക്കാർ വിഭാഗങ്ങളെ ഉൾപ്പെടുത്തും. സർക്കാർ വിഭാഗങ്ങൾ തമ്മിൽ കൂടുതൽ ഏകോപനവും ഈ ഘട്ടത്തിൽ സാധ്യമാക്കും. സ്മാർട്ട്, കടലാസ് രഹിത സർക്കാർ എന്ന ലക്ഷ്യം 2021 ആകുന്പോഴേക്കും സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു ഡോ. ഐൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ പങ്കാളികളായ സർക്കാർ ഏജൻസികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി സ്മാർട്ട് ദുബൈ ചർച്ചകൾ നടത്തി. സാങ്കേതികമായ നടപടിക്രമങ്ങൾ പിന്നാലെയുണ്ടാകും. സർക്കാർ സ്ഥാപനങ്ങളിൽ ഓട്ടമേഷൻ വർദ്ധിപ്പിക്കുക, ഉപയോക്താക്കളുടെ ആവശ്യങ്ങൾ സംബന്ധിച്ച ഇടപാടുകളിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുക, സർക്കാർ ഓഫിസുകളിലെ ഭരണനിർവ്വഹണത്തിലും പ്രവർത്തനത്തിലും സാങ്കേതിക മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നടപടികളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുന്നു.