കോട്ടയം തിരുനക്കര പൊന്നോണം 2017 ഗംഭീരമായി കൊണ്ടാടി


കുവൈറ്റ് സിറ്റി : കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻറെ ആദ്യ ഓണാഘോഷം 'കോട്ടയം തിരുനക്കര പൊന്നോണം 2017' അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ വെച്ച് വർണശബളമായ ആഘോഷങ്ങളോടെ കൊണ്ടാടി. കടുത്തുരുത്തി എംഎൽഎ അഡ്വ. ശ്രീ.മോൻസ് ജോസഫ് ഉത്ഘാടനം നിർവ്വഹിച്ച പൊതുസമ്മേളനത്തിൽ പ്രശസ്ത സിനിമാതാരം ശ്രീ.മനോജ്.കെ.ജയൻ മുഖ്യാതിഥി ആയിരുന്നു .താലപ്പൊലിയും ചെണ്ടമേളവും കാവടിയും ഉൾപ്പെടെ കേരളത്തിൻറെ തനതുകലാരൂപങ്ങളോടുകൂടിയ വർണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ അതിഥികളെ സ്വീകരിച്ചാനയിച്ചു.

കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.സാം നന്ത്യാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ.ഹരികൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ.അലക്സ് തൈക്കടവിൽ നന്ദിയും രേഖപ്പെടുത്തി.പ്രവാസി ക്ഷേമനിധി ബോർഡ് മെമ്പർ ശ്രീ. എൻ. അജിത്ത് കുമാർ ചടങ്ങിൽ ആശംസ നൽകി. പ്രശസ്ത ഗായകൻ ശ്രീ.കിഷോർവർമ്മയും സിനിമാതാരം ശ്രീ.മനോജ്.കെ.ജയനും ചേർന്നു നയിച്ച ഗാനമേള കൾച്ചറൽ പ്രോഗ്രാമിന് കൂടുതൽ കൊഴുപ്പേകി.നൃത്തച്ചുവടുകളും അവതരണവുമായി സിനിമാ സീരിയൽ താരം ശ്രീമതി.ദേവി ചന്ദനയും പ്രോഗ്രാമിൽ ശ്രദ്ധേയമായി.പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് ശ്രീ.അലൻ പാമ്പാടി ഓർക്കസ്ട്രായ്ക്ക് നേതൃത്വം നൽകി.

പൊതുസമ്മേളനത്തിൽ വെച്ച് ഇന്ത്യൻ പ്രസിഡണ്ടിൻറെ ദേശീയ അധ്യാപക അവാർഡ് നേടിയ ഐസിഎസ്‌കെ പ്രിൻസിപ്പാൾ ഡോ:ബിനുമോനെ മൊമന്റോ നൽകി ആദരിച്ചു. ശ്രീ.മോൻസ് ജോസഫിനുള്ള കോട്ടയത്തിൻറെ മൊമൻറോ ശ്രീ.മനോജ്.കെ.ജയൻ നൽകി . അസോസിയേഷൻറെ മൊമൻറോ വൈസ് പ്രസിഡണ്ട് ശ്രീ.സുരേഷ് തോമസ്സ് ശ്രീ.മനോജ്.കെ.ജയന് നൽകി ആദരിച്ചു.വടംവലി മത്സരത്തിൽ ജേതാക്കളായ കുവൈറ്റിലെ കെകെബി ടീമിനും,കോട്ടയത്തിൻറെ സ്വന്തം ചെണ്ടമേളം ടീമായ കോട്ടയം ക്നാനായ ബീറ്റ്സിനും കോട്ടയം അസോസിയേഷൻ മൊമൻറോ നൽകി അനുമോദിച്ചു.

അസോസിയേഷൻ അംഗങ്ങൾ നടത്തിയ ശിങ്കാരിമേളം, കാണികളുടെ നിറഞ്ഞകൈയ്യടികൾ ഏറ്റുവാങ്ങിയ കോട്ടയത്തിന്റെ കൊച്ചുസുന്ദരികൾ അവതരിപ്പിച്ച ഇലത്താളം, തിരുവാതിര,ഭരതനാട്യം,സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയവയ്ക്കൊപ്പം സുജിത രാജേഷിൻറെ നേതൃത്തിൽ നടന്ന ഇൻസ്ട്രമെൻറൽ ഫ്യൂഷൻ പ്രോഗ്രാമിൽ ഏറെ ശ്രദ്ധേയമായി. അക്ഷരനഗരിയുടെ എല്ലാ പ്രൗഢിയും വിളിച്ചറിയിച്ചു കൊണ്ട് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ കോട്ടയത്തിൻറെ വിവിധ പ്രാദേശികസംഘടനകളുടേയും പൂർവ്വവിദ്യാർത്ഥി സംഘടനകളുടേയും പ്രതിനിധികൾ പങ്കെടുത്തു .

You might also like

  • Lulu Exchange
  • Straight Forward

Most Viewed