ഗതാഗത നിയമ ലംഘനം : രണ്ട് മാസത്തിനിടെ കുവൈത്തിൽ നിന്ന് 1032 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനത്തിന്റെ പേരിൽ രണ്ടുമാസത്തിനിടെ 1032 പേരെ നാടുകടത്തിയതായി ആഭ്യന്ത രമന്ത്രാലയത്തിലെ ഗതാഗത വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷാവി അറിയിച്ചു. ഗതാഗത നിയമ ലംഘനം കണ്ടെത്താൻ സ്ഥാപിച്ച ക്യാമറകൾ വഴി 2016 ജൂലൈ 16 മുതൽ 2017 സപ്തംബർ 11 വരെ 32,941 നിയമലംഘനങ്ങൾ കണ്ടെത്തി. 2016ൽ 915 പേരെയാണു നാടുകടത്തിയത്.
54166 വാഹനങ്ങളും 950 സൈക്കിളുകളും പിടികൂടുകയും ചെയ്‌തു. 2017ൽ 117 പേരെ നാടുകടത്തുകയും 12028 വാഹനങ്ങളും 622 സൈക്കിളുകളും പിടികൂടുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. റോഡിൽ നടക്കുന്ന ഗതാഗത നിയമ ലംഘനം എല്ലാ വശങ്ങളിൽ നിന്നും ഒപ്പിയെടുക്കുന്നതാണു പുതിയ ക്യാമറ.
പഴയ കാലത്തേതുപോലെ വാഹനത്തിന്റെ ഒരുവശം മാത്രമല്ല ക്യാമറയിൽ പതിയുക. വാഹനത്തിനകത്തു മൊബൈൽ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും ക്യാമറയിൽ മനസ്സിലാകും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നതിന്റെ ഭാഗമായാണ് ആധുനിക രീതിയിലുള്ള ക്യാമറകൾ സ്ഥാപിച്ചത്.
ഗൾഫ് രാജ്യങ്ങളുടെ നന്പർ പ്ലേറ്റുള്ള വാഹനവുമായി ഗതാഗത നിയമ ലംഘനത്തിൽ ഏർപ്പെട്ട 1505 പേരെ ഗതാഗതവകുപ്പു വിളിച്ചുവരുത്തിയതായി അദ്ദേഹം പറഞ്ഞു.