സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരെ കണ്ടെത്താൻ അബുദാബിയിൽ പരിശോധന ശക്തം

അബുദാബി : സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ അബുദാബി പോലീസ് നിരീക്ഷണം ശക്തമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ 2394 നിയമ ലംഘനങ്ങലാണ് പോലീസ് രേഖപ്പെടുത്തിയത്.
വാഹനാപകടങ്ങൾ ഉണ്ടാകുന്പോൾ ഗുരുതരമായി പരിക്കേറ്റ് മരണം വരെ സംഭവിക്കാവുന്ന സാഹചര്യം ഇല്ലാതാക്കാൻ ഒരുപരിധി വരെ സീറ്റ് ബെൽറ്റ് സഹായകമാണ്. സുരക്ഷിത യാത്രയ്ക്കുള്ള രക്ഷാവലയമാണ് സീറ്റ് ബെൽറ്റ്. അതുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാർ കൂടി സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിർദ്ദേശിച്ചതെന്നു അധികൃതർ വ്യക്തമാക്കി.
മുൻ സീറ്റിലെ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചാൽ വാഹനാപകട സമയത്ത് മരണ തോത് 40 മുതൽ 50ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി. പിൻ സീറ്റിലുള്ളവർ കൂടി സീറ്റ് ബെൽറ്റ് ധരിക്കുന്നതു മൂലം മരണ സംഖ്യ 25 ശതമാനം മുതൽ 75 ശതമാനം വരെ കുറയ്ക്കാൻ ആകുമെന്നാണ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് മേധാവികളുടെ വിലയിരുത്തൽ.
നേരത്തെ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഫെഡറൽ ട്രാഫിക് നിയമപ്രകാരം 400 ദിർഹം പിഴയും നാല് ബ്ലാക്ക് മാർക്കുമാണ് ഡ്രൈവർക്കുള്ള ശിക്ഷ. പരിഷ്കരിച്ച യു.എ.ഇ ട്രാഫിക് നിയമപ്രകാരം വാഹനത്തിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ഏതെങ്കിലും ഒരു യാത്രക്കാരൻ നിയമം ലംഘിച്ചാൽ ഡ്രൈവർക്ക് ഇതേ തുകയും ബ്ലാക്ക് മാർക്കും ശിക്ഷ ലഭിക്കും.
ഒരു വാഹനത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്നത് തടയാനും ഇതുവഴി സാധിക്കുമെന്നതാണ് പുതിയ് സീറ്റ് ബെൽറ്റ് നിയമത്തിന്‍റെ മറ്റൊരു നേട്ടം. മുന്നിലും പിന്നിലുമുള്ള സീറ്റിലെ യാത്രക്കാരിൽ ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ഡ്രൈവർക്ക് ആയിരിക്കും പിഴ.
സഹയാത്രക്കാർ കൂടി സീറ്റ് ബെൽറ്റ് ധരിക്കുന്നതോടെ സുരക്ഷയാണ് ഉറപ്പാകുന്നതെന്ന് അധികൃതർ പറഞ്ഞു.