വിദേശികൾക്ക് ചികിത്സാ ഫീസ് വർദ്ധന ഒക്ടോബർ ഒന്നു മുതൽ പ്രാബല്ല്യത്തിലാകും

കുവൈത്ത് സിറ്റി : രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന ഒക്ടോബർ ഒന്നിനു തന്നെ പ്രാബല്ല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി. പുതിയ നിരക്ക് അനുസരിച്ചു ക്ലിനിക്കുകളിൽ വൈദ്യ പരിശോധനയ്ക്കുള്ള പ്രവേശന ഫീസ് ഒരു ദിനാറിനു പകരം രണ്ടുദിനാർ ആകും. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് സർക്കുലർ അയച്ചു.
12 വയസ്സിനു താഴെ പ്രായമുള്ള കാൻസർ ബാധിതരായ കുട്ടികൾ, സ്വദേശിയുടെ വിദേശിയായ ഭാര്യ, സ്വദേശിയുടെ വിദേശിയായ മാതാവ്, വിദേശിയെ വിവാഹം ചെയ്‌ത സ്വദേശിവനിതയുടെ കുട്ടികൾ, കെയർ ഹോം അന്തേവാസികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ എന്നിവർക്ക് നിരക്ക് വർദ്ധന ബാധകമായിരിക്കില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രികളിലെ എമർജൻസി വാർഡുകളിൽ പ്രവേശനത്തിന് അഞ്ച് ദിനാർ നൽകേണ്ടിവരും. ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ പ്രവേശന ഫീസ് രണ്ടു ദിനാർ ആയിരുന്നിടത്തു 10 ദിനാർ ആകും. വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന ഒക്ടോബറിൽ പ്രാബല്ല്യത്തിൽ വരുമെന്ന് മാസങ്ങൾക്ക് മുന്പ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുനഃപരിശോധന ഉണ്ടായേക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. പ്രവേശന ഫീസിനു പുറമെ ആശുപത്രികളിലെ മറ്റു സേവനങ്ങൾക്കും ഫീസ് വർദ്ധിക്കും. കുവൈത്തിൽ തൊഴിലെടുക്കുന്നവർക്കു പുറമെ സന്ദർശക വിസയിലുള്ളവർക്കും ചികിത്സാ ഫീസിൽ വലിയ വർദ്ധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.