നഴ്‌സിംഗ് നിയമനം; കുവൈറ്റ് പ്രതിനിധികൾ കേരളത്തിലേയ്ക്ക്

കുവൈറ്റ് സിറ്റി: നഴ്‌സിംഗ് നിയമനവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം അടുത്തമാസം കേരളം സന്ദര്‍ശിക്കും. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായാണ് സന്ദർശനം.
ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ ഹര്‍ബിയുടെയും നിയമവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ ഹാദിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുന്നത്.
സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, സി.ഇ.ഒ ആര്‍.എസ്. കണ്ണന്‍ എന്നിവര്രും, കുവൈറ്റ് ആരോഗ്യ മന്ത്രാലയം അധികൃതരുമായി കഴിഞ്ഞമാസം കുവൈററ്റിൽ നടന്ന ചര്‍ച്ചയിലാണ് കേരള സന്ദര്‍ശനത്തിന് ധാരണയായത്.
നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് നിയമനത്തിന് സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി. പകരം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിയമനം നടത്താൻ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തീരുമാനിച്ചത്.
ഇതനുസരിച്ച് കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇമൈഗ്രേറ്റ് സംവിധാനം വഴി മാത്രമാകും ഇനി നഴ്‌സിംഗ് നിയമനം. വിദേശ രാജ്യങ്ങളില്‍നിന്ന് നഴ്‌സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ എംബസിയിലെ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതിനായി കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ്(ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.