ഹവാലാ പണവുമായി എത്തിയ യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടു പോയി

കൊല്ലം: ഹവാലാ പണവുമായി എത്തിയ യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. കൊല്ലം അയത്തില്‍ സ്വദേശിയായ യുവാവില്‍ നിന്നും 20 ലക്ഷം തട്ടിയ തിരുവനന്തപുരം സ്വദേശികളായ റഫീഖ് (42), സജികുമാര്‍ (32), മഞ്ജുഷ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും കൊള്ളയടിച്ച പണത്തിന്‍റെ ഒരുഭാഗം കാര്‍, സിംകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മഞ്ജുഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ സംഘത്തിലെ നാലുപേര്‍ ഒളിവിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് കല്ലുവാതുക്കലില്‍ നിന്നായിരുന്നു യുവാവിനെ തട്ടിക്കൊണ്ടു പോയത്. പണം നഷ്ടമായ യുവാവിന്‍റെ പരാതിയില്‍ പോലീസ് മഞ്ജുഷയുടെ ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. മുന്പും ഇവര്‍ ഈ രീതിയില്‍ കൊള്ള നടത്തിയിട്ടുണ്ടായിരിക്കാമെന്നും അനധികൃത പണം ആയതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കാറില്ല എന്ന സാദ്ധ്യതയാണ് സംഘം മുതലാക്കിയിരുന്നതെന്നും സൂചനയുണ്ട്.
ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കൊള്ളനടത്താറുള്ള സംഘത്തിന്‍റെ തട്ടിപ്പ് ആസൂത്രണം ഗള്‍ഫില്‍ വെച്ചാണ് നടന്നത്. തട്ടിപ്പ് സംഘത്തില്‍ പെട്ടയാള്‍ ഗള്‍ഫിലെ ഹവാല സംഘത്തിന് കുറച്ച് പണം നല്‍കുകയും ഇത് നാട്ടില്‍ മഞ്ജുഷയുടെ കൈയ്യില്‍ നല്‍കാന്‍ ആവശ്യപ്പെട്ട് അവരുടെ ഫോണ്‍നന്പര്‍ നല്‍കുകയും ചെയ്തു. യുവാവ് വിളിച്ചപ്പോള്‍ കല്ലുവാതുക്കല്‍ എത്താന്‍ മഞ്ജുഷ ആവശ്യപ്പെട്ടു. യുവാവ് കല്ലുവാതുക്കല്‍ എത്തിയപ്പോള്‍ കാവിന് സമീപത്തേക്ക് വരാനും കാവിലേക്ക് എത്തിയപ്പോള്‍ കാര്‍ ഉപയോഗിച്ച് ബൈക്ക് തടയുകയും യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയും കൊള്ള നടത്തിയ ശേഷം യുവാവിനെ മറ്റൊരിടത്ത് വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.