ഉദ്ഘാടകയായി പത്മജ; വിളക്കു കൊളുത്തുമ്പോൾ എഴുന്നേൽക്കാതെ പരസ്യ പ്രതിഷേധവുമായി സി കെ പത്മനാഭന്‍


എന്‍ഡിഎയുടെ കാസര്‍കോട് മണ്ഡലം പ്രചാരണ കണ്‍വെന്‍ഷനില്‍ പത്മജ വേണുഗോപാലിനെതിരെ പരസ്യ പ്രതിഷേധവുമായി സി കെ പത്മനാഭന്‍. ഉദ്ഘാടകയായി പത്മജ എത്തിയതാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭനെ ചൊടിപ്പിച്ചത്. മറ്റുപാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ എത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നാണ് വിമര്‍ശനം.

ഉദ്ഘാടന ചടങ്ങിനിടെ പത്മജ വേണുഗോപാല്‍ നിലവിളക്കില്‍ തിരി കൊളുത്തുമ്പോള്‍ പത്മനാഭന്‍ വേദിയില്‍ എഴുന്നേല്‍ക്കാതെ ഇരിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ഹാളിലെ ചടങ്ങില്‍ ഉദ്ഘാടനത്തിന് സംഘാടകര്‍ പത്മജയെ വിളിച്ചു. വേദിയിലുണ്ടായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, എം നാരായണ ഭട്ട് തുടങ്ങിയവര്‍ വിളക്കിനരികിലേക്ക് എത്തി. പത്മജയും മറ്റുള്ളവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തുമ്പോള്‍ സി കെ പത്മനാഭന്‍ ഇരുന്നിടത്ത് തന്നെ തുടരുകയായിരുന്നു.

പത്മജയുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പേ തന്നെ സി കെ പത്മനാഭന്‍ വേദി വിടുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടകനായി സി കെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. അത് മാറ്റി പത്മജയെ ഉദ്ഘാടകയാക്കിയതാണ് പത്മനാഭനെ ചൊടിപ്പിച്ചത്. അതൃപ്തിയുള്ള കാര്യം അദ്ദേഹം ചിലരോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത് പത്മജയെ തന്നെയായിരുന്നുവെന്നും പത്മനാഭന്റെ പ്രവര്‍ത്തിയില്‍ അസ്വാഭാവികതയില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed