കരുവന്നൂരിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം മടക്കി നൽകും

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം മടക്കി നൽകും. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക. 134 കോടിയുടെ സ്ഥിരനിക്ഷേപത്തിൽ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നൽകുന്നതാണ് പാക്കേജ്.
കരുവന്നൂരിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം മടക്കി നൽകാനുള്ള തീരുമാനം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. സഹകരണ ബാങ്കുകളുടെ കൺസഷൻ വഴിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്. സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് അമ്പതിനായിരം രൂപ വരെ പിൻവലിക്കാൻ ഈ പാക്കേജിലൂടെ സാധിക്കും. നവംബർ 11 മുതൽ 50000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും. വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായതായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ നിന്നും ലക്ഷങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് മാപ്രാണം സ്വദേശി ജോഷി പദയാത്ര നടത്തുകയാണ്. കരുവന്നൂർ മുതൽ തൃശ്ശൂർ കളക്ടറേറ്റ് വരെയാണ് ജോഷി പദയാത്ര നടത്തുന്നത്. 82 ലക്ഷം രൂപയാണ് ജോഷിക്ക് നിക്ഷേപ തുകയായി തിരിച്ചു കിട്ടാനുള്ളത്.
BCVBCVBCVBCVBCV