രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന് ബി.ജെ.പി വനിതാ എം.പിമാരുടെ പരാതി


മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്ലയിങ് കിസ്’ ആരോപണവുമായി ബി.ജെ.പിയിലെ വനിതാ എം.പിമാർ. രാഹുലിന് ശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ‘ഫ്ലയിങ് കിസ്’ നൽകുന്നത് പോലെ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. പ്രസംഗം അവസാനിപ്പിച്ച് രാജസ്ഥാനിലെ ഒരു പരിപാടിയിലേക്ക് പങ്കെടുക്കാനാണ് രാഹുൽ പോയത്. ഇതിനിടെ സ്മൃതി ഇറാനി പ്രസംഗം തുടങ്ങിയപ്പോൾ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിച്ചുവെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പേര് പറയാതെ സമൃതി ഇറാനി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ‘എനിക്ക് മുമ്പ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിതാ പാർലമെന്റംഗങ്ങളോട് ‘ഫ്ലയിങ് കിസ്’ കാണിക്കാൻ കഴിയൂ. അദ്ദേഹത്തിന്റെ കുടുംബവും പാർട്ടിയും സ്ത്രീകളെക്കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുമ്പ് കണ്ടിട്ടില്ല’ -സ്മൃതി ഇറാനി പറഞ്ഞു.

തുടർന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ നിരവധി വനിതാ ലോക്‌സഭാംഗങ്ങൾ സ്പീക്കർ ഓം ബിർളയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ‘കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എംപി ശ്രീ. രാഹുൽ ഗാന്ധി സഭയിൽ നടത്തിയ സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേന്ദ്രമന്ത്രിയും സഭാംഗവുമായ സ്മൃതി സുബിൻ ഇറാനി സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ അവരോട് പ്രസ്തുത അംഗം അപമര്യാദയായി പെരുമാറുകയും അനുചിതമായ ആംഗ്യം കാണിക്കുകയും ചെയ്തു. സഭയിലെ അന്തസ്സുള്ള വനിതാ അംഗങ്ങളെ അപമാനിക്കുക മാത്രമല്ല, ഈ ഹൗസിന്റെ അന്തസ്സ് താഴ്ത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ പെരുമാറ്റത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നാണ് പരാതിയിലുള്ളത്. ‘എല്ലാ അംഗങ്ങൾക്കും ഫ്ലയിങ് കിസ് നൽകി രാഹുൽ ഗാന്ധി പോയി. ഇത് അംഗത്തിന്റെ അനുചിതവും അസഭ്യവുമായ പെരുമാറ്റമാണ്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് മുതിർന്ന അംഗങ്ങൾ പറയുന്നത്. എന്ത് സ്വഭാവമാണിത്? അദ്ദേഹം എന്ത് നേതാവാണ്?” -പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

article-image

ASDADSADSSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed