സിവിൽ കോഡിനെ എതിർക്കുന്നവരുമായി സഹകരിക്കുമെന്ന് സമസ്ത


തിരുവനന്തപുരം

ഏക സിവിൽ കോഡുമായി ആർക്കും യോജിക്കാനാവില്ല എന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതു നിയമം കൊണ്ട് വരുമ്പോൾ മുസ്ലിംകൾ മാത്രമല്ല ആർക്കും യോജിക്കാൻ കഴിയില്ല. വിവാഹവുമായി ബന്ധപ്പെട്ടൊക്കെ മതപരമായ നിയമങ്ങൾ ഉണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മത നിയമത്തിൽ വരുന്നതാണ്. ഏക സിവിൽ കോഡ് ഇതിന് എതിരാണ്. സിവിൽ കോഡിനെ എതിർക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഏക സിവിൽകോഡിനെതിരെ ബഹുജന മുന്നേറ്റം വേണം. എല്ലാ മത നേതാക്കളുമായി ചർച്ച നടത്തും. ഏക സിവിൽ കോഡിനെതിരെ യോജിക്കുന്ന എല്ലാവരുമായും സമസ്ത സഹകരിക്കും. ചെറിയ വിട്ടു വീഴ്ചക്ക് സമസ്ത തയ്യാറാണ്. സമസ്ത വ്യവസ്ഥകൾ അനുസരിച്ചു കാന്തപുരം വിഭാഗവുമായി യോജിക്കാൻ തയ്യാറാണ്. സുന്നി ഐക്യത്തിന് ആര് മധ്യസ്ഥ ചർച്ചക്ക് ‌ മുൻകൈ എടുത്താലും സമസ്ത തയ്യാറാണ്. മധ്യസ്ഥൻ ഇല്ലാതെയും ആവാം. ഏക സിവിൽ കോഡിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് സ്വീകാര്യമാണ്. ഭരണകൂടം രാജ്യത്തെ ജനങ്ങളെ സംതൃപ്തമാക്കണം. അതല്ല ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏക സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുകയാണ്. വ്യക്തി നിയമത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളിൽ പാർലമെന്റ് നിയമ സ്റ്റാന്റിംഗ് കമ്മിറ്റി നിയമ നിർദേശം ഉടനുണ്ടാവും. ഇക്കാര്യത്തിൽ നിയമ കമ്മീഷനും നിയമ മന്ത്രാലയത്തിനും പാർലമെൻററി സമിതി നിർദേശം നൽകി. വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം.

ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിൻറെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂയെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കേരളത്തിലും
ഇത് സംബന്ധിച്ച സജീവ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed