സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും

ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ. സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അടക്കം ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്റെ അപ്പീൽ.
ഇന്ന് തന്നെ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കും. വിധിയിലെ വിവാദ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിവാദ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും. ജാമ്യം അനുവദിച്ചതിലല്ല മറിച്ച് കോടതിയുടെ പരാമർശങ്ങളാണ് അപ്പീൽ നൽകാനുള്ള കാരണം. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ പരാമർശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
നേരത്തെ പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗിക അതിക്രമമെന്ന ജഡ്ജി എസ് കൃഷ്ണ കുമാറിന്റെ ഉത്തരവ് വിവാദമായിരുന്നു. സിവിക് ചന്ദ്രൻ ജാതി ഉപേക്ഷിച്ച്, ജാതി രഹിത സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളാണ്. കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള വകുപ്പ് ചുമത്താൻ കഴിയില്ലെന്നും പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.