കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; നാളെ വിധി പറയും


വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷൻ (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ നാളെ വിധി പറയും. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലെത്തിയിരുന്നു. കിരണിന്റെ ബന്ധുക്കളാരും കോടതിയിലെത്തിയില്ല. കുറ്റമറ്റ അന്വേഷണമാണ് നടന്നതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിസ്മയയുടെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചർ‍ച്ചയായ കേസിൽ‍ വിധി വരുന്നത്. 2021 ജൂൺ‍ 21നാണ് കിരണിന്റെ വീട്ടിൽ‍ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഈ വർ‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തിൽ‍ കിരൺ കുമാറിനെ മോട്ടോർ‍ വാഹന വകുപ്പിലെ ജോലിയിൽ‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. 2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാർ‍ത്ഥിനിയായ വിസ്മയ കിരൺ‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതൽ സ്വർ‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാർ‍ നൽ‍കിയ കാറിൽ‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാർ‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. −  

പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളുമാണ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയത്. കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റൽ‍ തെളിവുകളുൾ‍പ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോണ്‍ സൈബർ‍ പരിശോധനയ്ക്ക് അയച്ചപ്പോൾ‍ ഇതിൽ‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ ലഭിച്ചിരുന്നു. ഇതും കേസിലെ നിർ‍ണായക തെളിവുകളായി. പ്രോസിക്യൂഷൻ വേണ്ടി സ്‌പെഷ്യൽ‍ പബ്ലിക് പ്രോസിക്യൂട്ടർ‍ ജി മോഹൻരാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകൻ പ്രതാപ ചന്ദ്രൻ പിള്ളയുമാണ് കോടതിയിൽ‍ ഹാജരായത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed