മൂലമറ്റത്ത്‌ തട്ടുകടയിൽ‍ വെടിവയ്‌പ്പ്; ഒരാൾ‍ കൊല്ലപ്പെട്ടു


അറക്കുളം മൂലമറ്റത്ത്‌ തട്ടുകടയിൽ‍ ഉണ്ടായ വെടിവയ്‌പ്പിൽ‍ ഒരാൾ‍ കൊല്ലപ്പെട്ടു. കടയിൽ‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇടുക്കി കീരിത്തോട്‌ സ്വദേശിയും ബസ്‌ കണ്ടക്‌ടറുമായ സനൽ‍ ബാബു (ജബ്ബാർ‍) ആണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ സുഹൃത്ത്‌ പ്രദീപിനും മറ്റു രണ്ടുപേർ‍ക്കും വെടിയേറ്റിട്ടുണ്ട്‌. പരുക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റി.

കടയിൽ‍ ഭക്ഷണം കഴിക്കാനെത്തിയ അറക്കുളം മൂന്നുങ്കവയൽ‍ സ്വദേശി ഫിലിപ്പ്‌ മാർ‍ട്ടിനാണ്‌ വെടിയുതിർ‍ത്തത്‌. ഇയാളെ കാഞ്ഞാർ‍ പോലീസ്‌ കസ്‌റ്റഡിയിൽ‍ എടുത്തിട്ടുണ്ട്‌. ഭക്ഷണം കഴിക്കുന്നതിനിടെ ഫിലിപ്പ്‌ മാർ‍ട്ടിനും മണപ്പാടി സ്വദേശിയായ മറ്റൊരു യുവാവും തമ്മിലുണ്ടായ വാക്കു തർ‍ക്കവും സംഘർ‍ഷവുമാണ്‌ കൊലപാതകത്തിൽ‍ കലാശിച്ചത്‌. 

കടയിൽ‍വച്ചുണ്ടായ സംഘർ‍ഷത്തിൽ‍ മണപ്പാടി സ്വദേശി ഫിലിപ്പ്‌ മാർ‍ട്ടിനെ മർ‍ദിച്ചു. പകരം വീട്ടാനായി ഫിലിപ്പ്‌ മാർ‍ട്ടിന്‍ വീട്ടിൽ‍ ചെന്ന്‌ തോക്കെടുത്ത്‌ വന്നശേഷം കടയിലേക്ക്‌ വെടിയുതിർ‍ക്കുകയായിരുന്നു. എന്നാൽ‍ മണപ്പാടി സ്വദേശി ഇതിനകം കടയിൽ‍നിന്നു പോയിരുന്നു. കടയിൽ‍ ഭക്ഷണം കഴിക്കുകയായിരുന്ന സനലിനും പ്രദീപിനുമാണ്‌ വെടിയേറ്റത്‌.

പരുക്കേറ്റവരെ ഉടൻ സമീപത്തെ ബിഷപ്പ്‌ വയലിൽ‍ ആശുപത്രിയിൽ‍ എത്തിച്ചു. അപ്പോഴേക്കും സനൽ‍ മരിച്ചിരുന്നു. പ്രദീപിനെ മൂലമറ്റം അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ‍ ആദ്യം തൊടുപുഴയിലെയും പിന്നീട്‌ കോലഞ്ചേരിയിലേയും ആശുപത്രിയിലേക്ക്‌ മാറ്റി. സംഭവമറിഞ്ഞ്‌ കാഞ്ഞാർ‍ പോലീസ്‌ സ്‌ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ്‌ മാർ‍ട്ടിൻ പിടിയിലായത്‌.

You might also like

Most Viewed