വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ഇന്ത്യ പുറത്ത്
വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ മത്സരത്തിൽ നിന്നും പുറത്തായി. ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 275 റൺസ് എന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 79 പന്തിൽ നിന്ന് 11 ബൗണ്ടറികൾ ഉൾപ്പടെ 80 റണ്‍സെടുത്ത ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ നെടുന്തൂണായത്. മിഗ്നൻ ഡു പ്രീസ് (52), ലാറ ഗുഡോൾ (49) മാരീസൻ കാപ്പ് (32) എന്നിവർ ലോറയ്ക്ക് മികച്ച പിന്തുണ നൽകി.
നേരത്തെ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 86 പന്തിൽ ആറു ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 71 റൺസ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഷഫാലി വർമ 46 പന്തിൽ 53 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. മധ്യനിരയിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ മിതാലി രാജും (68) ഹർമൻപ്രീത് കൗറും (48) ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി.